പൊൻകുന്നം: പുതിയകാവ് ദേവീക്ഷേത്രത്തിലേക്കും പരിസരത്തെ വ്യാപാരസമുച്ചയങ്ങളിലേക്കും ആൾക്കാർക്ക് നടന്നെത്താനാവാത്ത വിധം അനധികൃത പാർക്കിംഗ് പതിവായി.
പൊൻകുന്നം ബസ് സ്റ്റാൻഡിന് കിഴക്കുവശത്തെ റോഡിൽ പോലീസ് നോ പാർക്കിംഗ് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും പോലീസ് നിയമനടപടി സ്വീകരിക്കാത്തതിനാൽ ദിവസവും വാഹനങ്ങളുടെ തിരക്കാണിവിടെ.
ക്ഷേത്രത്തിലേക്കെത്തുന്ന ഭക്തർക്ക് നടക്കാനും കടകളിലേക്കെത്താനും വാഹനങ്ങൾക്കിടയിലൂടെ തിങ്ങിഞെരുങ്ങി സഞ്ചരിക്കേണ്ടി വരും.
രാവിലെ ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്തതിനുശേഷം യാത്ര പോകുന്നവരുണ്ട്. പൊൻകുന്നം ടൗണിൽ രണ്ട് പാർക്കിംഗ് മൈതാനങ്ങൾ ഉണ്ടെങ്കിലും അത് ഉപയോഗിക്കാതെ വാഹനങ്ങൾ റോഡിൽ പാർക്ക് ചെയ്തിട്ട് പോകുന്നവരാണ് ഏറെയും. ഇതുമൂലം കടകളിലേക്ക് സാധനങ്ങൾ എത്തിക്കുന്നതിനും ലോഡ് കയറ്റിപ്പോകേണ്ടതുമായ മിനി ലോറികൾക്കും പിക്കപ്പ് വാഹനങ്ങൾക്കും കടന്നെത്താനാവുന്നില്ലെന്ന് വ്യാപാരികളും യാത്രക്കാരും പറഞ്ഞു.